'ആംഗ്രി ബേർഡ്സ്' പേര് മാറ്റി

സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് 'ആംഗ്രി ബേര്‍ഡ്‌സ്' എന്നതിൽ നിന്നും 'ആംഗ്രി ബേബ്സ് ഇൻ ലവ്' എന്ന് മാറ്റി. പേരിലെ പകർപ്പവകാശ പ്രശ്നങ്ങളെ തുടർന്നാണിത്.

'ആംഗ്രി ബേർഡ്സ്' എന്ന ബ്രാൻഡ്‌ നെയിമിന്റെ പകർപ്പവകാശം സ്വന്തമായുള്ള ഫിൻലാൻഡിലെ പ്രശസ്ത കമ്പനിയായ റോവിയോ എന്റർറ്റൈൻമെന്റ് ആണ് ഈ പേര് ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയത്. റോവിയോ എന്റർറ്റൈൻമെന്റിന്റെ പ്രശസ്ത വീഡിയോ ഗെയിം ആയ 'ആംഗ്രി ബേർഡ്സ്'ന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ബ്രാൻഡ്‌ നെയിമിന്റെ ഉച്ചാരണം പോലും കമ്പനിയുടെ പകർപ്പവകാശമാണ്.

2016ൽ 'ആംഗ്രി ബേർഡ്സ്ന്റെ ചലച്ചിത്ര ആവിഷ്ക്കാരം പുറത്തിറക്കാനുള്ള പദ്ധതികളിലാണ് റോവിയോ എന്റർറ്റൈൻമെന്റ്. അതിനാൽ അത് വേറൊരു ചലച്ചിത്രത്തിന്റെ പേരായി വരുന്നതിൽ റോവിയോക്കു താൽപ്പര്യമില്ല.

കഴിഞ്ഞ ആഴ്ച മുംബൈയിൽ ഷൂട്ടിംഗ് ആരംഭിച്ച 'ആംഗ്രി ബേബ്സ് ഇൻ ലവ്' സജി സുരേന്ദ്രന്റെ ആദ്യ ജയസൂര്യ രഹിത ചിത്രമാണ്. അനൂപ്‌ മേനോൻ ആണ് നായകൻ. കരിയറാലാദ്യമായി തുടക്കം മുതല്‍ ഒടുക്കം വരെ അനൂപ് മേനോന്‍ കോമഡി പരീക്ഷിക്കുന്ന ചിത്രമായ ആംഗ്രി ബേര്‍ഡ്‌സിൽ ഭാവന ആണ് നായിക. അനൂപ് മേനോന്റെ കഥയിൽ കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബിജി ബാലാണ്.